മുഖസംരക്ഷണവും ശാരീരിക ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലുമെല്ലാം മിക്കവാറും എല്ലാ ആളുകളും ശ്രദ്ധ നല്‍കാറുണ്ട്. എന്നാല്‍ ശരീരത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന കൈകളുടെ സംരക്ഷണത്തില്‍ നാം വീഴ്ച വരുത്താറാണ് പതിവ്.
ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന അവയവങ്ങലാണല്ലോ കൈകള്‍. പലവിധ കാരണങ്ങള്‍ കൊണ്ട് കൈകളുടെ മൃദുത്ത്വം, ഭംഗിയും നഷ്ടമാകുവാനും നിറം മങ്ങാനുമെല്ലാം കാരണമാകുന്നു. കൂടാതെ നമ്മുടെ ജീവിതരീതികളും, ഭക്ഷണ ശീലവുമെല്ലാം കൈകളുടെ ഭംഗി നഷ്ടപ്പെടാനുള്ള കാരണങ്ങളായി പറയാം. എന്നാല്‍ ചിലസമയം ഇത് ഏതെങ്കിലും രോഗത്തിന്‍റെ ലക്ഷണവുമായേക്കാം.
അധികം സമയം ചിലവിടാതെ തന്നെ കൈകളുടെ ഭംഗി വീണ്ടെടുക്കാനും സംരക്ഷണത്തിനുമായി വീട്ടില്‍ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകളെ പരിചയപ്പെടുത്തുന്നു,
1.കറ്റാര്‍വാഴ:
ചര്‍മ്മത്തെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ. മുഖക്കുരു, തൊലിപ്പുറത്തെ ചുളിവുകള്‍, മുഖക്കുരു കൊണ്ടുണ്ടാകുന്ന പാടുകള്‍ എന്നിങ്ങനെ പല അവസ്ഥകളും ഒരു പരിധി വരെ മാറുവാന്‍ കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിക്കാം. ഈ ജെല്‍ നിങ്ങളുടെ കൈകളില്‍ പുരട്ടിയാല്‍ ചര്‍മ്മത്തിലെ വരണ്ട പാടുകളും മറ്റും മാറി തിളക്കമാര്‍ന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും.
2. ഒലിവ് ഓയില്‍, പഞ്ചസാര സ്ക്രബ്ബ്:
വരണ്ട ചര്‍മ്മത്തിന്‍റെ ഒരു പ്രധാന കാരണമാണ് ഡെഡ് സ്കിന്‍ സെല്ലുകള്‍. അതിനാല്‍ തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൈകള്‍ സ്ക്രബ്ബ് ചെയ്യാവുന്നതാണ്. ഒലിവ് ഓയിലും പഞ്ചസാരയും ഒരേ അളവില്‍ മിക്സ് ചെയ്ത് ഈ മിശ്രിതം ഉപയോഗിച്ച് കൈകള്‍ സ്ക്രബ്ബ് ചെയ്യുക. ഇത് രണ്ട് മൂന്നാഴ്ചകള്‍ ചെയ്യുമ്പോള്‍ തന്നെ കൈകളിലെ മാറ്റം കണ്ടറിയുവാന്‍ സാധിക്കും.
3. ഓയില്‍ മസ്സാജ്:
ഡെഡ് സെല്ലുകളെ നീക്കം ചെയ്യുവാനും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുവാനും ഓയില്‍ മസ്സാജ് നല്ലതാണ്. നിങ്ങളുടെ ചര്‍മ്മത്തിന് യോജിച്ചതും ഏറെ ഗുണങ്ങളുമുള്ള എണ്ണ കൈകളില്‍ പുരട്ടി മസ്സാജ് ചെയ്യുക.
4. മില്‍ക്ക് ക്രീം:
ഇതിലടങ്ങിയിട്ടുള്ള പ്രകൃതിദത്ത ചേരുവകള്‍ മൃദുവായ കൈകള്‍ ലഭിക്കുവാന്‍ സഹായിക്കും. ചര്‍മ്മത്തിലെ pH ലെവല്‍ സന്തുലിതമായി നിലനിര്‍ത്തുവാനും ഡെഡ് സ്കിന്‍ സെല്ലുകളെ നീക്കം ചെയ്യുവാനും മില്‍ക്ക് ക്രീം ഏറെ ഫലപ്രദമാണ്.
5. ഓട്ട്സ്, തേന്‍ സ്ക്രബ്ബ്:
2 ടേബിള്‍സ്പൂണ്‍ ഒട്ട്സും 1 ടേബിള്‍സ്പൂണ്‍ തേനും നന്നായി മിക്സ് ചെയ്ത് കൈകളില്‍ സ്ക്രബ്ബ് ചെയ്യുക. ഈ മിശ്രിതത്തിലെ ചേരുവകള്‍ നാച്യുറല്‍ മോയ്സ്ച്യുറൈസറായി പ്രവര്‍ത്തിക്കുകയും കൈകള്‍ മൃദുവാകുകയും ചെയ്യും.