ഏതൊരു രോഗവും ചികിത്സിക്കുന്ന സമയം ചില ആഹാരക്രമങ്ങളില്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ സൈനസ് ഇന്‍ഫെക്ഷന്‍ ഉള്ള സമയം ചില ഭക്ഷണ രീതികള്‍ അവലംബിക്കുന്നതും ചിലത് ഒഴിവാക്കുന്നതും രോഗം വേഗം മാറുവാന്‍ കാരണമായേക്കാം. ഈ രോഗാവസ്ഥയുള്ളപ്പോള്‍ ആഹാരത്തില്‍ നിന്നും ഒഴിവാക്കേണ്ട ചില ആഹാരങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനു മുന്‍പ് എന്താണ് സൈനസൈറ്റിസ് എന്ന് അറിയാം:
എന്താണ് സൈനസൈറ്റിസ്?
നാസാരന്ത്രങ്ങളുടെ പുറകിലായി മൂക്കിനിരുവശവും കാണപ്പെടുന്ന ഭാഗത്തിനെ സൈനസ് എന്ന് വിളിക്കുന്നു. ഇത് വായു നിറഞ്ഞ നിരവധി അറകളോട് കൂടിയതാണ്. ഇവിടെ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനോ, ഫംഗല്‍ ഇന്‍ഫക്ഷനോ അലര്‍ജികളോ മൂലം പഴുപ്പ് ഉണ്ടാകുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. ഈ അവസ്ഥയ്ക്ക് ജലദോഷത്തോട് സാദൃശ്യമുണ്ട്. പക്ഷെ ജലദോഷം മരുന്നുകള്‍ കഴിച്ചില്ലെങ്കിലും ചിലപ്പോള്‍ മാറാനുള്ള സാധ്യതയുണ്ട് പക്ഷെ സൈനസൈറ്റിസിന് ട്രീറ്റ്മെന്‍റ് അത്യാവശ്യമാണ്.
ലക്ഷണങ്ങള്‍:
മൂക്കൊലിപ്പ്, സൈനസിന് മുകളിലായി വേദന അനുഭവപ്പെടുക, തലവേദന, മൂക്കിനു പിന്‍ഭാഗത്തു നിന്നും കഫം വായില്‍ എത്തുക, തുടങ്ങിയവയാണ് സൈനസ് ഇന്‍ഫെക്ഷന് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. ജലദോഷമുള്ള ആളുകള്‍ക്ക് ഇത്തരം അവസ്ഥകള്‍ ഉണ്ടാകുവാനുള്ള സാധ്യത വളരെയധികമാണ്.ജലദോഷം ഉണ്ടാകാതിരിക്കുവാന്‍ നല്ല പ്രതിരോധ ശക്തിയും ഭക്ഷണ ശീലവും ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ഇനി സൈനസ് ഇന്‍ഫെക്ഷന്‍ ഉള്ള ആളുകള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ട ചില ആഹാരപതാര്‍ത്ഥങ്ങള്‍ ഏതെല്ലാമെന്ന് അറിയാം:
കഫീന്‍ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍: കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന ഒരു ഉത്തേജപദാര്‍ത്ഥമാണ് കഫീന്‍. ഇതടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് വഴി നിര്ജ്ജലീകരണം സംഭവിക്കുവാന്‍ സാധ്യത ഏറുന്നു. ഈ അവസ്ഥ മൂക്കില്‍ തിങ്ങിയിരിക്കുന്ന കഫം പുറം തള്ളുന്നതിനെ തടസ്സപ്പെടുത്തിയേക്കാം. അതിനാല്‍ സൈനസ് ഉള്ളവര്‍ കഫീന്‍ അടങ്ങിയ പാനീയങ്ങളെ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.
തണുത്ത ആഹാരങ്ങള്‍: തണുത്ത പാനീയങ്ങളോ ഐസ്ക്രീമോ മറ്റോ കഴിക്കുന്നത് ഇന്‍ഫെക്ഷന്‍റെ കാഠിന്യം വര്‍ദ്ധിക്കുവാന്‍ ചിലപ്പോള്‍ കാരണമായി എന്ന് വരില്ല. പക്ഷെ ഇത് കഴിച്ചതിനു ശേഷം കവിളെല്ലുകളിലും തലയിലുമായി രൂക്ഷമായ വേദന അനുഭവപ്പെടുവാന്‍ സാധ്യത ഏറെയാണ്. ഇത് അധിക നേരം നിലനില്‍ക്കില്ലെങ്കിലും വേദനയുണ്ടാകുന്ന സമയം വളരെയധികം അസ്വസ്ഥതയും പിന്നീട് കഫം കട്ടയാകുവാനും ഇത് കാരണമായേക്കാം.
പാലുത്പന്നങ്ങള്‍: പാല്‍, വെണ്ണ, തൈര് തുടങ്ങി ഏത് പാലുത്പന്നങ്ങളും സൈനസ് ഇന്ഫെക്ഷന്‍ രൂക്ഷമാകുവാന്‍ കാരണമായേക്കാം. അതിനാല്‍ സൈനസ് രോഗികള്‍ ഇവ കഴിവതും ഒഴിവാക്കുക.
മദ്യം: ഇത് മൂത്രവിസർജ്ജനം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതിനാല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പോലെ തന്നെ മദ്യം കഴിക്കുന്നതും ശരീരത്തില്‍ നിര്ജ്ജലീകരണത്തിനു കാരണമാകുന്നു. ഇത് കഫം കട്ടയാകുന്നതിനും സൈനസ് ഇന്‍ഫെക്ഷന്‍ കൂടുവാനും കാരണമാകും.
എരിവുള്ള ആഹാരം: എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് സൈനസൈറ്റിസ് ഉള്ള എല്ലാവര്‍ക്കും ദോഷമാകണമെന്നില്ല. ചിലപ്പോഴൊക്കെ എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ കഫം ധാരാളം മൂക്കില്‍ നിന്നും പുറംതള്ളപ്പെടാറുണ്ട്. പക്ഷെ മറ്റു ചിലര്‍ക്ക് ഇത് കഴിക്കുന്നത് രോഗത്തിന്‍റെ തീവ്രത വര്‍ദ്ധിക്കുവാന്‍ കാരണമാകാം. അതിനാല്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രശ്നം വഷളാക്കുന്നു എങ്കില്‍ ഇത്തരം ആഹാരങ്ങള്‍ ഒഴിവാക്കുക.