വെള്ളം കുടിക്കുക എന്നത് ആരോഗ്യസംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ചര്‍മത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് വെള്ളം ഒഴിച്ചുകൂടാനാവാത്തതാണ്. ദഹനപ്രക്രിയ സുഗമമാക്കുവാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കുവാനും, കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളുവാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു.
എന്നാല്‍ ഭക്ഷണം കഴിയ്‌ക്കുന്ന സമയത്താണോ കഴിച്ച് കഴിയുമ്പോഴാണോ വെള്ളം കുടിയ്‌ക്കേണ്ടത്, അതായത് ഏതാണ് ആരോഗ്യത്തിന് നല്ലത്. ഇക്കാര്യത്തില്‍ പലതരം അഭിപ്രായമുണ്ടാകുന്നത് തികച്ചും സ്വാഭാവികം.
ഇതെക്കുറിച്ച് ആയുര്‍വേദം പറയുന്നതു കേള്‍ക്കൂ,
ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് തന്നെ വെള്ളം കുടിയ്‌ക്കുക. ഇത് ദഹനരസങ്ങള്‍ വേണ്ട രീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സഹായിക്കും. ഇതിലൂടെ കരളിനും, പിത്താശയത്തിനും ഈര്‍പ്പം ലഭ്യമാകും.
ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്‌ക്കുന്നതിലൂടെ പിത്തനീര്, വയറ്റിലെ ആസിഡ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിയ്‌ക്കും. ദഹനത്തിന് തടസമുണ്ടാകുകയും, ശരീരത്തില്‍ വിഷാംശം വര്‍ദ്ധിയ്‌ക്കുകയും ചെയ്യുന്നു.
സാത്വിക് ഡയറ്റിനൊപ്പം, അതായത് പ്രധാനമായും വെള്ളം അടങ്ങിയ വേവിയ്‌ക്കാത്ത വെജിറ്റേറിയന്‍ ഭക്ഷണം ശരീരത്തിന് വേണ്ടി ജലാംശം നല്‍കും. എന്നാല്‍ രജസ്വിക്, തമസിക് ഡയറ്റിനൊപ്പം കുറച്ചു വെള്ളം കുടിയ്‌ക്കുക തന്നെ വേണം.
ഭക്ഷണശേഷം അരമണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്‌ക്കാനാണ് ആയുര്‍വേദം പരാമര്‍ശിക്കുന്നത്. ഇത് ഭക്ഷണത്തിലെ പോഷകങ്ങളെ വേണ്ട വിധത്തില്‍ ആഗിരണം ചെയ്യാനുള്ള കഴിവ് ശരീരത്തിനു നല്‍കും.
നേരത്തെ വെള്ളം കുടിച്ചിട്ടില്ലെങ്കിലും ശരീരത്തില്‍ വെള്ളത്തിന്‍റെ കുറവുണ്ടെങ്കിലും ഭക്ഷണത്തോടൊപ്പം വെള്ളം കുടിയ്‌ക്കുക. അല്ലെങ്കില്‍ ദഹനത്തിന് പ്രശ്‌നം വരും. മലബന്ധം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകും.
ഇളംചൂടുവെള്ളം കുടിയ്‌ക്കുന്നതാണ് ദഹനത്തിന് ഏറെ നല്ലതെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. സോഡ, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ എന്നിവ പാടെ ഒഴിവാക്കണം.
ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്‌ക്കാന്‍ തോന്നിയാല്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച വേള്ളമോ അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളമോ കുടിയ്‌ക്കുന്നത് നല്ലതാണ്.