പരസ്പര വിശ്വാസവും സ്നേഹവുമാണ് ഏതൊരു ബന്ധത്തിന്‍റെയും അടിത്തറ. എന്നാല്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുവാന്‍ ഇത് മാത്രം മതിയെന്നും പറയാനാവില്ല. ചില ആരോഗ്യകരമായ ശീലങ്ങളും ഇതോടൊപ്പം തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
സ്ത്രീ-പുരുഷ ബന്ധം ദൃഢമാക്കുന്നതില്‍ സഹായിക്കുന്ന അത്തരം ചില ശീലങ്ങള്‍ എന്തൊക്കെയെന്ന് വായിക്കൂ. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അത്ര ശ്രദ്ധ നല്‍കാതെ വരുന്നതാകും ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കുന്നതും.
ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക
ഭാവി ജീവിതത്തെക്കുറിച്ച് പരസ്പരം തുറന്നു പറയുക. ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളിയുടെ തീരുമാനങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കുക.
ഭൂതകാലജീവിതത്തക്കുറിച്ച് തുറന്നു പറയുക
ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് അത്രമേല്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ മാത്രം കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നതില്‍ തെറ്റില്ല.
ഒന്നിച്ച് ഭക്ഷണം കഴിയ്ക്കുക
എപ്പോഴും സാധിച്ചില്ലെങ്കിലും ഇടയ്ക്കിടക്കെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ഏതൊരു ബന്ധത്തേയും മികച്ചതാക്കും. പുറത്ത് പോയി കഴിയ്ക്കുന്നതും, ഒരുമിച്ച് പാചകം ചെയ്യുന്നതും നല്ലതാണ്.
പരസ്പരാനുകമ്പ ഉണ്ടാവണം
പരസ്പരമുള്ള വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയണം. ഒരിക്കലും ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഇരുവര്‍ക്കും ഉണ്ടാവരുത്.
സംശയങ്ങള്‍ തീര്‍ക്കുക
പങ്കാളിയ്ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് സാവധാനം ചോദിച്ച് മനസ്സിലാക്കുക. ഒരിക്കലും എടുത്തടിച്ച പോലെ സംസാരിക്കരുത്.
കലഹങ്ങള്‍ പരിഹരിക്കുക
കലഹങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ സാധാരണമാണ്. എന്നാല്‍ എത്ര വലിയ വഴക്കാണെങ്കിലും ഒരു ദിവസത്തില്‍ കൂടുതല്‍ അതിനെ കൊണ്ടു പോകരുത്. ഇത് പരിഹരിക്കാന്‍ ഇരു കൂട്ടരും പരസ്പരം മുന്‍കൈ എടുക്കണം.