വായ്നാറ്റം തടയാന്‍ എന്തെല്ലാം ചെയ്യാം?

bad-breath-cureവായ്നാറ്റം പലര്‍ക്കും ഒരു തീരാ തലവേദനയാണ്. വായ്നാറ്റമുള്ളതിനാല്‍ നാണക്കേടോര്‍ത്ത് മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വായ്‌ മറച്ചു പിടിച്ചോ അല്ലെങ്കില്‍ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടിവരുന്നു. പലപ്പോഴും മറ്റുള്ളവരുടെ കളിയാക്കാലോ ശകാരമോ കേള്‍ക്കേണ്ടിവരുന്നു. ഇതില്‍നിന്നു മുക്തിനേടാന്‍ പല വഴികളും നാം തേടുന്നു. വായ്നാറ്റമെന്ന വില്ലനെ നേരിടാന്‍ ചില കാര്യങ്ങള്‍ വേണ്ടപോലെ  ശ്രദ്ധിച്ചാല്‍ മതി.

  • ദിവസേനെ പല്ലുതേക്കണം: അണുക്കളുടെ ആക്രമണം പരമാവധി ഒഴിവാക്കാന്‍ ദിവസവും രണ്ടു നേരം ഉറപ്പായും പല്ലു തേക്കണം. ബ്രഷ് മുകളിലേക്കും താഴേക്കും ചലിപ്പിച്ച് വേണം പല്ലു തേക്കുവാന്‍. പല്ലിന്‍റെ മുന്‍വശവും പിറകുവശവും നന്നായി തേക്കണം. ഇതാണ് ശരിയായ പല്ലുതേക്കല്‍. പല്ലിനിടയില്‍ ഭക്ഷണ പതാര്‍ത്ഥങ്ങള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ അനുവദിക്കരുത്. പല്ല് വളരെ അമര്‍ത്തി തേക്കുന്നത് പല്ലിന് കേടുണ്ടാക്കുന്നു.
  •  നാക്ക് വടിക്കുക: നാക്കിനു മുകളില്‍ ഉണ്ടായി വരുന്ന ആകിരണം ബാക്ടീരിയകളുടെ വിഹാരകേന്ദ്രമാണ്. ഇത്തരം ബാക്ടീരിയകള്‍ വായ്നാറ്റമുണ്ടാക്കുവാന്‍ കെല്‍പ്പുള്ളവയാണ്. അതിനാല്‍ ദിവസവും ബ്രഷുപയോഗിച്ചോ ടങ്ക് ക്ലീനര്‍ ഉപയോഗിച്ചോ നാവ് വൃത്തിയാക്കുക.
  • മൗത്ത് വാഷ് ഉപയോഗിക്കാം: ബാക്ടീരിയകളെ തടഞ്ഞുനിര്‍ത്താനുള്ള ഗുണങ്ങളടങ്ങിയ മൗത്ത് വാഷ് ഉപയോഗിക്കുക. ഉപ്പ് ഒരു അണുനാശിനിയായതിനാല്‍ അതും വായ ശുദ്ധിയാക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്. ആഴ്ച്ചയില്‍ മൂന്നോ- നാലോ അധിലധികമോ പ്രാവശ്യം ഉപ്പുവെള്ളം ഉപയോഗിച്ച് വായ്‌ കഴുകുന്നത് പല്ലുകള്‍ക്ക് നല്ലതാണ്.
  • വയ്നാറ്റം ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക: ഉള്ളി, വെളുത്തുള്ളി എന്നിവ വായ്നാറ്റം ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇവയുടെ മണം പല്ലു തേച്ചാലും പോകില്ല. ഇവ വെറുതെ കഴിക്കുന്നതും ആഹാരത്തില്‍ അധികം ചേര്‍ക്കുന്നതും ഒഴിവാക്കുക.
  • ആഹാരത്തിനു ശേഷം മധുരം കഴിക്കുന്നത് ഒഴിവാക്കുക: വായില്‍ കാണുപ്പെടുന്ന ബാക്ടീരിയകള്‍ക്ക് മധുരം ഏറെയിഷ്ടമാണ്. കാരണം ഇവ മധുരം ഉപയോഗിച്ച് ആസിഡ് ഉണ്ടാക്കുകയും ഇത് പല്ലുകളെ നശിപ്പിക്കുകയും വായ്നാറ്റത്തിനു കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ ആഹാരത്തിനു ശേഷം മധുരം കഴിക്കാതെ ഷുഗര്‍ ഫ്രീ ച്യൂയിങ്ങ് ഗം ഉപയോഗിക്കുക. ഇത് വായില്‍ അധികമായ്‌ ഉമിനീരുണ്ടാകാന്‍ സഹായിക്കുന്നു. പ്ലാക്ക് ആസിഡിനെതിരെ വായില്‍ സാധാരണയായ പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഉമിനീര്‍.
  • ലഹരിവസ്ത്തുക്കള്‍ ഒഴിവാക്കാം: പുകവലിക്കുക, മുറുക്കുക, മദ്യപിക്കുക തുടങ്ങിയവ അധികമാകുന്നതിലൂടെ കാന്‍സര്‍ പോലുള്ള രോഗങ്ങളോടൊപ്പം പല്ലുകള്‍ക്കും കേടുണ്ടാകുന്നു. പല്ല് കേടാകാനും കറയുണ്ടാകാനും അതുവഴി വായ്നാറ്റം വരുന്നതിനുമെല്ലാം ലഹരിവസ്ത്തുക്കള്‍ കാരണമാകുന്നു.
  • വായ ഇപ്പോഴും നനുത്തതായ് നിലനിര്‍ത്തുക: വായില്‍ ഉമിനീരില്ലാത്ത അവസ്ഥ പല്ലുകള്‍ കേടാകുവാനുള്ള സാധ്യത കൂട്ടുന്നു. ഇത് ഒഴിവാക്കുവാന്‍ നല്ലവണ്ണം വെള്ളം കുടിക്കുക. അധികം വെള്ളം കുടിക്കുന്നത് വായ്ക്ക് മാത്രമല്ല മൂത്രസംബന്ധ രോഗങ്ങളെ തടയുവാനും വളരെ നല്ലതാണ്.

ഇതെല്ലാം ചെയ്തതിനു ശേഷവും വായ്നാറ്റം മാറുന്നില്ലെങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ കാണേണ്ടതാണ്. ഇതുവഴി നിങ്ങള്‍ക്കുള്ള പ്രശ്നം വൈദ്യശാസ്ത്രസംബന്ധിയാണോ എന്ന് മനസ്സിലാക്കി ചികിത്സ നേടാം.

Authors
Top