ബി- കോംപ്ലെക്സ്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സെലെനിയം, പ്രോട്ടീന്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമായ ധാന്യമാണ് ബാര്‍ലി. ഇത് നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കുന്നതിനോടൊപ്പം ബാര്‍ലിയുടെ വെള്ളം കുടിക്കുന്നതും വളരെയധികം ഗുണപ്രദമാണ്.
ദിവസേന ഒരു ഗ്ലാസ്സ് ബാര്‍ലി വെള്ളം കുടിക്കുന്നത് രോഗപ്രധിരോധ ശേഷി കൂട്ടാനും ശരീര സംപുഷ്ടിക്കും സഹായകമാകും. ബാര്‍ലി; വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് പോലെ സാലടിലോ, സ്റ്റൂവിലോ മറ്റോ ചേര്‍ത്തും കഴിക്കാവുന്നതാണ്.
പുറത്തു നുന്നും പ്രിസര്‍വേറ്റീവുകളും മധുരവും ചേര്‍ത്ത് പാക്കറ്റില്‍ ലഭിക്കുന്ന ബാര്‍ലി വെള്ളത്തിനു പകരമായി വീട്ടില്‍ ഉണ്ടാക്കുന്നതാണ് ആരോഗ്യപ്രദം.
ബാര്‍ലി വെള്ളം എങ്ങനെയുണ്ടാക്കാം:
- ബാര്‍ലി നന്നായി വെള്ളത്തില്‍ കഴുകുക, ശേഷം കുറഞ്ഞത് 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.
- വെള്ളം ഊറ്റിക്കളഞ്ഞശേഷം ഒരു കപ്പ് കുതിര്‍ന്ന ബാര്‍ലിയില്‍ 3-4 ഗ്ലാസ് എന്ന തോതില്‍ വെള്ളം ചേര്‍ക്കുക.
- ഇത് തിളപ്പിക്കുക, ശേഷം ധാന്യം നന്നായി വെന്ത് പാകമാകും വരെ മൂടി വെച്ച് 45 മുതല്‍ ഒരു മണിക്കൂര്‍ വരെ സിമ്മില്‍ ഇടുക.
- തണുക്കാന്‍ വയ്ക്കുക.
- തണുത്ത ശേഷം വെള്ളം പാത്രത്തില്‍ നിന്നും ഊറ്റിയെടുക്കുക.
- നല്ല ആരോഗ്യത്തിന് ഈ വെള്ളം ദിവസേനെ ഒരു ഗ്ലാസ്സ് വീതമെങ്കിലും കുടിക്കുക. രുചിയോടൊപ്പം ഗുണവും വര്‍ദ്ധിപ്പിക്കണമെങ്കില്‍ കുറച്ച് തേനും നാരങ്ങാ നീരും ഈ വെള്ളത്തിനോടൊപ്പം ചേര്‍ക്കാം.
പേള്‍, ഹള്‍ഡ് എന്ന ബാര്‍ലിയുടെ വകഭേദങ്ങള്‍ ഉപയോഗിച്ച് ബാര്‍ലി വെള്ളം ഉണ്ടാക്കുന്നതാണ് അത്യുത്തമം.
കൂടിപ്പോയാല്‍ മൂന്നു ദിവസം വരെ ബാര്‍ലി വെള്ളം ഫ്രിഡ്ജില്‍ സൂക്ഷിക്കാനാക്കും. ബാര്‍ലി വെള്ളം ഉണ്ടാക്കുവാനായി ഉപയോഗിച്ച ബാര്‍ലി സൂപ്പുണ്ടാക്കാനോ, സ്റ്റൂ ഉണ്ടാക്കാനോ, മറ്റോ ഉപയോഗിക്കാനാകും.
ഇനി ബാര്‍ലി വെള്ളത്തിന്റെ 10 ഗുണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം:
1. മൂത്രാശയ അണുബാധയ്ക്കുള്ള പ്രതിവിധി:
ബാര്‍ലി വെള്ളം കുടിക്കുന്നത് മൂത്രാശയ സംബന്ധമായ അണുബാധ(Urinary Tract Infection) പരിഹരിക്കുവാനുള്ള ഉത്തമ ഉപാധിയാണ്. ഈ വെള്ളം മൂത്രവിസര്ജ്യം ത്വരിപ്പിക്കുവാന്‍ സഹായിക്കുന്നതിനാല്‍ ശരീരത്തിലെ വിഷാംശങ്ങളെയും ഇന്ഫെക്ഷന് കാരണമാകുന്ന ബാക്റ്റീരിയകളെയും പുറം തള്ളുവാന്‍ സഹായിക്കുന്നു.
മൂത്രാശയ സംബന്ധമായ അണുബാധ നേരിടുന്നു എങ്കില്‍ ദിവസേനെ കുറെ തവണ ബാര്‍ലി വെള്ളം കുടിക്കുക.
2. വണ്ണം കുറയ്ക്കാന്‍:
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആരോഗ്യസംപുഷ്ടമായ ബാര്‍ലി വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമാണ്. ബീറ്റാ ഗ്ലൂക്കാന്‍ ഫൈബര്‍ അളവ് കൂടുതലുള്ള ഇത് കുടിക്കുന്നത് നിങ്ങളെ ഏറെ സമയത്തേക്ക് വിശപ്പില്ലാതിരിക്കുവാന് സഹായിക്കും. അതുവഴി അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് കുറഞ്ഞ് കിട്ടും.
അതുപോലെ തന്നെ നല്ല ദഹനത്തിനും, കൊഴുപ്പ് എരിഞ്ഞു പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ബാര്‍ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കുന്നതിനായി ബാര്‍ലി വെള്ളം ദിവസേന 3 ഗ്ലാസ് വീതം കുടിക്കുക.
3. കൊളസ്ട്രോള്‍ കുറയ്ക്കാന്‍:
ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയുവാന്‍ ഇന്‍സോല്യുബിള്‍ ഫൈബര്‍ അധികമായുള്ള ബാര്‍ലി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ബാര്‍ലിയില്‍ ബീറ്റാ ഗ്ലൂക്കാനില് ഡയട്രി ഫൈബര്‍ അധികമായുണ്ട്, ഇത് ആഹാരത്തില്‍ നിന്നും കൊളസ്ട്രോള്‍ വലിച്ചെടുക്കുന്ന പ്രക്രിയയെ തടയുവാന്‍ സഹായിക്കുന്നു.
4. ഹൃദയാരോഗ്യം:
കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിനോടൊപ്പം ബാര്‍ലി വെള്ളം രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്ന അവസ്ഥ (atherosclerosis), ഒരു പരിധി വരെ തടയുവാനും സഹായിക്കുന്നു.
അതുപോലെ ഹൃദയ സംബന്ധിയായ രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമായേക്കാവുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനുമുള്ള ഉത്തമ മാര്‍ഗമാണ് ബാര്‍ലി വെള്ളം.
5. ദഹനത്തിന്:
നാരുകളുടെ അളവ് വളരെ കൂടുതലുള്ള ബാര്‍ലി വെള്ളം ദഹനം നല്ല രീതിയില്‍ നടക്കുന്നതിനും സഹായം നല്കുന്നു. അതിസാരം, മലബന്ധം, മൂലക്കുരു, ആമാശയവീക്കം എന്നിങ്ങനെയുള്ള ആമാശയ സംബന്ധിയായ രോഗങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധി കൂടിയാണ് ബാര്‍ലി വെള്ളം.
6. പ്രമേഹത്തെ തടയാം:
ബാര്‍ലി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാഹായിക്കുന്നു. ആഹാരത്തില്‍ നിന്നും ഗ്ലൂക്കോസ് വലിച്ചെടുക്കുന്ന പ്രക്രിയയെ സാവധാനമാക്കുവാനും ഗ്ലൂക്കോസ്, ഇന്‍സുലിന്‍ എന്നിവയുടെ അളവ് കുറയ്ക്കുവാനും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് വഴി അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവയില്‍ നിന്നും രക്ഷ നേടുവാനാകും.
7. തെളിഞ്ഞ ചര്‍മ്മം:
ബാര്‍ലി വെള്ളം ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുവാന്‍ സഹായിക്കുമ്പോള്‍ തല്‍ഫലമായി തിളക്കമാര്‍ന്ന തെളിഞ്ഞ ചര്‍മ്മവും ലഭിക്കുന്നു. മുഖക്കുരുവിന് പരിഹാരമായും, ചര്‍മ്മത്തെ ഇളപ്പമുള്ളതാക്കി നിലനിര്‍ത്തുവാനും ബാര്‍ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. മുഖത്ത് കുരുക്കള്‍ മൂലമുണ്ടാകുന്ന പാടുകള്‍ക്കും മറ്റും തടയിടുവാനും ഈ വെള്ളം തന്നെ ധാരാളം.
ബാര്‍ലി വെള്ളം കുടിക്കുന്നതിനോടൊപ്പം കുറച്ച് മുഖത്ത് തേക്കുന്നതും നല്ലതാണ്. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യുക.
8. ചൂടിനെ വെല്ലാന്‍:
ദാഹമകറ്റി ചൂടില്‍ നിന്നും ആശ്വാസമേകുവാന്‍ വളരെ ഫലപ്രദമായ ഒന്നാണ് ബാര്‍ലി വെള്ളം. ഇതിന് തണുപ്പിക്കുവാനും ആശ്വാസമേകുവാനുമുള്ള പ്രകൃതിദത്തമായ കഴിവുള്ളതിനാല്‍ ആന്തരിക താപത്തെ കുറയ്ക്കുവാന്‍ ഈ വെള്ളം സഹായിക്കും.
ബാര്‍ലി വെള്ളത്തിലേയ്ക്ക് കുറച്ച് നാരങ്ങാ നീരും പഞ്ചസാര കട്ടയും ചേര്‍ക്കുന്നത് ഇതിനെ കൂടുതല്‍ രുചികരവും ആരോഗ്യകരവുമാക്കി തീര്‍ക്കുന്നു. രക്തയോട്ടം സുഗമമാക്കുവാനും പോഷണത്തിനും ഇത് ഏറെ സഹായകമാകുന്നു.
ഇത് തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.
9. ഗര്‍ഭകാലത്തെ അമൃത്:
ഗര്‍ഭിണികള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു പോഷക പാനീയമാണ് ബാര്‍ലി വെള്ളം. ഗര്‍ഭകാലത്ത് രാവിലേകളിള് തോന്നുന്ന അസ്വാസ്ഥ്യങ്ങള്‍, പ്രമേഹം, ഫംഗല്‍ ഇന്ഫെക്ഷന് എന്നിവയ്ക്കും പരിഹാരമായി ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.
മുലപ്പാലിന്റെ അളവ് വര്‍ദ്ധിപ്പിക്കുവാനും ബാര്‍ലി വെള്ളം കുടിക്കാം. കൂടാതെ ഇതിന്റെ ഗുണം നന്നായി ലഭിക്കുവാന്‍ ഒരു ടീസ്പൂണ്‍ ഉലുവ ചൂടുള്ള ബാര്‍ലി വെള്ളത്തില്‍ ചേര്‍ത്ത് 5-10 മിനിറ്റ് വരെ വച്ചതിനു ശേഷം കുടിക്കുക.
10. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും:
ബാര്‍ലി വെള്ളം ബീറ്റാ ഗ്ലൂക്കാന്‍( Beta-glucan), ബി വിറ്റാമിനുകള്‍( B-Vitamins), ഇരുമ്പ്( Iron), കാത്സ്യം( Calcium), കോപ്പര്‍( Copper), തുടങ്ങി ഒട്ടനവധി മൂലകങ്ങളുടെ കലവറയാണ്. ഇവ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.
പലവിധ രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നത് നമ്മുടെ പ്രതിരോധ ശക്തിയാണ്. അതിനാല്‍ പ്രതിരോധ ശേഷി കൂട്ടുവാന്‍ ഈ വെള്ളം വളരെ ഫലപ്രദമാണ്. അതുമാത്രമല്ല വിളര്‍ച്ച, ക്ഷീണം മുതലായ അവസ്ഥകളെ പ്രതിരോധിക്കുവാനും ഈ വെള്ളത്തിലെ ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ സഹായിക്കും.
അറിയിപ്പ്:
- ബാര്‍ലി വെള്ളം മൂത്രമൊഴിക്കല്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നായതിനാല്‍ ഇത് ഒരു ദിവസം 6 ഗ്ലാസ്സില്‍ കൂടുതല്‍ കുടിക്കുന്നത് നല്ലതല്ല.
- ബാര്‍ലി വെള്ളത്തില്‍ ഗ്ലൂട്ടെന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഗ്ലൂട്ടെന്‍ കഴിച്ചാല്‍ ബുദ്ധിമുട്ടുള്ളവര്‍ ഇത് ഒഴിവാക്കുക.