ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കുന്നത് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നല്ല. ജനനം മുതല്‍ കുട്ടികളുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളും മികച്ചതായി തീര്‍ക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ട്. അതുപോലെശുദ്ധി വെടിപ്പ്, മൂല്യങ്ങള്‍, ആരോഗ്യപരമായ ശീലങ്ങള്‍ എന്നിങ്ങനെ തുടങ്ങി നാം അവര്‍ക്ക് കുഞ്ഞിലേമുതല്‍ ചില കാര്യങ്ങളെല്ലാം പറഞ്ഞു കൊടുക്കേണ്ടതായുണ്ട്.
കുട്ടികള്‍ക്ക് ഇടയ്ക്കിടെ പലതരം അസുഖങ്ങള്‍ പിടിപെടുവാന്‍ സാധ്യത ഏറെയാണ്. ഇങ്ങനെ വരാതിരിക്കുവാന്‍ ആരോഗ്യപൂര്‍ണ്ണമായ ശീലങ്ങള്‍ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യപൂര്‍ണ്ണമായ ശീലങ്ങളാണ് ആരോഗ്യമുള്ള കുട്ടികള്‍ക്ക് ആധാരം. കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്നുമാണല്ലോഏറെ കുറെ ശീലങ്ങള്‍ പഠിക്കുന്നത്. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത് അച്ഛനമ്മമാരുടെ കര്‍ത്തവ്യമാണ്. ഇത് പാലിക്കുന്നതിലൂടെ രോഗങ്ങള്‍ വരുന്നത് ഒരു പരിധി വരെ തടയുവാനും സാധിക്കും. ആരോഗ്യബോധമുള്ള വ്യക്തികളായി വളര്‍ന്നു വരുവാന്‍ ഈ ശീലങ്ങള്‍ അവരെ സഹായിക്കുകയും ചെയ്യും.
ഇനി കുട്ടികള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ഇതെല്ലാം കുട്ടികള്‍ മുടക്ക് വരുത്താതെ തന്നെ ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
കൈകള്‍ കഴുകാം:
സ്കൂളില്‍ നിന്നും കളിസ്ഥലത്ത് നിന്നുമെല്ലാം വീട്ടില്‍ എത്തുമ്പോള്‍ ആഹാരം കഴിക്കുന്നതിനു മുന്‍പേ കുട്ടികളെക്കൊണ്ട് കൈകള്‍ നന്നായി കഴുകിക്കുക. ഇത് പലവിധ അസുഖങ്ങളില്‍ നിന്നും ഒരു പരിധി വരെ അവരെ സംരക്ഷിക്കും.
പല്ല് തേക്കല്‍:
ആരോഗ്യമുള്ള ബലമുള്ള പല്ലുകള്‍ക്ക് രാവിലേയും വൈകുന്നേരവും പല്ല് തേക്കണം. ഈ ശീലം നിങ്ങളുടെ കുട്ടികളുടെ ദിനചര്യയായി മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്.
ഭക്ഷണം:
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ പഴങ്ങളും ഇലവര്‍ഗ്ഗങ്ങളും അടങ്ങിയ സമീകൃതാഹാരം കുട്ടികളുടെ ആഹാരക്രമത്തില്‍ ചേര്‍ക്കുക. പഴവര്‍ഗ്ഗങ്ങളുടെ ജ്യൂസ് ഉണ്ടാക്കി നല്‍കുന്നതും കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും.
കുളി:
രോഗാണുക്കളില്‍ നിന്നും രക്ഷ നേടുവാന്‍ ദിവസേന രണ്ടു നേരം നന്നായി കുളിക്കണം. ഇലമ ചൂടുവെള്ളത്തില്‍ കുട്ടികളെ കുളിപ്പിക്കാം. 8-9 വയസ്സിനു ശേഷം കുട്ടികളെ തന്നെ കുളിക്കുവാന്‍ പ്രേരിപിക്കുക.
ഉറക്കം:
കുട്ടികള്‍ക്ക് ഉറക്കം ആവശ്യമായും വേണ്ട ഒന്നാണ്. ഉറക്കക്കുറവ് കാരണം അസുഖങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ കുട്ടി എന്നും നേരത്തെ ഉറങ്ങാന്‍ കിടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഈ ശീലം ഉണ്ടാക്കിയെടുക്കുന്നത് മാതാപിതാക്കള്‍ക്ക് ഭാവിയിലും ഗുണം ചെയ്തേക്കാം.
കുട്ടികളെ ആക്റ്റീവ് ആക്കാം:
പലവിധ രോഗങ്ങളില്‍ നിന്നും വ്യായാമം നമ്മെ ഒരു പരിധി വരെ അകറ്റി നിര്‍ത്തുവാന്‍ സഹായിക്കുന്നു. അതിനാല്‍ കുട്ടിയുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും ചുറുചുറുക്കുള്ളവരാക്കുവാനും പലതരം ക്രീടകളിലും പ്രവര്‍ത്തനങ്ങളിലും പങ്കുകൊള്ളിക്കുക.
സാമാന്യ പരിചരണം:
കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളിലൂടെയാണ് ശരീരത്തിലേയ്ക്ക് അണുക്കള്‍ അധികമായും കടന്നുകയറുന്നത്. അതിനാല്‍ നിങ്ങളുടെ കുട്ടികള്‍ വൃത്തിഹീനമായ കരങ്ങള്‍ കൊണ്ട് ഈ ഇടങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുക.
ഡോക്ടറെ കാണണം:
കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചാല്‍ നമുക്ക് ചിലപ്പോള്‍ കണ്ടെത്താനായില്ലെന്ന് വരാം. അതിനാല്‍ കുട്ടിയെ രണ്ടു മാസത്തില്‍ ഒരിക്കലോ മറ്റോ നിങ്ങളുടെ ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്കായി കൊണ്ടുചെല്ലുക. പതിവായി ഇത്തരം ചെക്കപ്പുകള്‍ നടത്തുന്നത് വളരെ നല്ലതാണ്.