എതു പ്രായത്തിലും ടൈപ്പ് 1 ഡയബറ്റിസ് വരാം.കൂടുതലായും ഇത് കാണപ്പെടുന്നത് പ്രായം കുറഞ്ഞവരിലാണ്.രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന പ്രധാന ഹോര്‍മോണായ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നത് പാന്‍ക്രിയാസില്‍ നിന്നാണ്.ചില പ്രത്യേക കാരണങ്ങളാല്‍ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ പെട്ടെന്നു നശിച്ചു പോകുന്നു.ശരാശരി അഞ്ചോ ആറോ വയസ്സുളളപ്പോഴാണ്, ഒരു കാരണവും കൂടാതെ ഈ രോഗം വരിക. ദിവസങ്ങള്‍ക്കുളളില്‍ ശരീരം ക്ഷീണിക്കുക, ശരീരഭാരം നഷ്ടപ്പെടുക, കടുത്ത ദാഹം, ധാരാളം മൂത്രം പോകുക, വയറുവേദന, ഛര്‍ദ്ദി, എന്നിവയും പിടിപ്പെടുന്നു.സാധരണഗതിയില്‍ രക്തത്തിലെ പഞ്ചസാര ഭക്ഷണം കഴിച്ചതിനുശേഷവും 140 mg യില്‍ കൂടാറില്ല. എന്നാല്‍ പ്രമേഹം ഉള്ളപ്പോള്‍, ഇത് ഇരുനൂറില്‍ കൂടുതലാകും. കൂടാതെ HbA1c രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരി, 6.5 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കും.
ടൈപ്പ് 1 ഡയബറ്റിസ് തിരിച്ചറിയാൻ സി പെപ്റ്റൈഡ്, ആന്‍റി ജിഎഡി തുടങ്ങിയ നിരവധി പരിശോധനകളുണ്ട്.ടൈപ്പ് 1 പ്രമേഹം ചികിത്സിക്കുന്നത് ഇന്‍സുലിന്‍ ഉപയോഗിച്ചാണ്. ഇതിനു ഗുളിക ഉപയോഗിക്കാന്‍ കഴിയില്ല.കൃത്രിമ പാന്‍ക്രിയാസും ഇന്‍സുലിന്‍ പമ്പും ആണ് ഏറ്റവും നല്ല ചികിത്സാരീതി.
കൃത്രിമ പാന്‍ക്രിയാസ് ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവു വരും എന്നതിനാല്‍ പല രോഗികള്‍ക്കു ഇത് ഉപയോഗിക്കാന്‍ കഴിയുന്നില്ല.അവര്‍ക്ക് ആശ്രയിക്കാവുന്ന ചികിത്സാരീതി ഇന്‍സുലിന്‍ ഇന്‍ജക്‌ഷനാണ്. കുറഞ്ഞതു നാലു കുത്തിവയ്പുകള്‍ ഒരു ദിവസം വേണ്ടി വരും.ഉച്ചഭക്ഷണത്തിന് മുമ്പുളള കുത്തിവയ്പ് അത്യന്താപേക്ഷിതമാണ്. ഇത് ഒഴിവാക്കിയാൽ ഭാവിയില്‍ അത് ജീവനുതന്നെ അപകടമാകും.ഇന്‍സുലിന്‍ ഇന്‍ജക്‌ഷനുകള്‍ വേദനാരഹിതമാണ്, അതിനെ ഭയക്കേണ്ടതില്ല.
ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്കു വേണ്ടത് രോഗത്തെക്കുറിച്ചുളള അറിവാണ്. അച്ഛനമ്മമാരും അധ്യാപകരും എല്ലാവരും തന്നെ ഇതിനെ കുറിച്ച് അറിഞ്ഞിരിക്കണം .കൃത്യമായ ചികിത്സ തുടരണം,ഇന്‍സുലിന്‍ ഇന്‍ജക്‌ഷനുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നെല്ലാം ഡോക്ടറില്‍ നിന്ന് അറിവ് നേടുക.പറയുന്ന രീതിയില്‍ ഇന്‍ജക്‌ഷനുകള്‍ക്ക് മുടക്കം വരാതെ എല്ലാം പാലിക്കുക.