സ്തനാര്‍ബുദത്തെ നേരിടാന്‍ വേണം ഈ മുന്‍കരുതലുകള്‍

shaji-k-ayillath

ഡോ. ഷാജി കെ അയില്ലത്ത് കണ്‍സള്‍ട്ടന്‍റ് ബ്രെസ്റ്റ് & ഓന്‍കോസര്‍ജന്‍, M.S, M.R.C.S(Edin), M.N.A.M.S, D.N.B, F.I.S.O(Surg.Oncology), EBSQ(European Association of Surgical Oncologists, Brussels)

സ്തനാര്‍ബുദം ഭയപ്പെടേണ്ട ഒരു രോഗമല്ല                സ്ത്രീകളെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന ഒരു രോഗമായി ഇന്ന് ബ്രെസ്റ്റ് കാന്‍സര്‍ മാറിയിരിക്കുന്നു . സ്തനാര്‍ബുദം ഇന്ന് അത്രയേറെ ഭയപ്പെടേണ്ട ഒന്നെല്ലെങ്കില്‍കൂടിയും കരുതല്‍ ആവശ്യമുള്ള ഒരു രോഗം തന്നെയാണ്.

കാന്‍സര്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതിനെ കുറിച്ചുള്ള പൂര്‍ണമായിട്ടുള്ള അറിവ് ആധുനിക വൈദ്യ ശാസ്ത്രത്തിന് ഇന്നും അന്യമാണ്. അതുകൊണ്ട് തന്നെയാണ് ഫലപ്രദമായ ഒരു പ്രതിരോധ മാര്‍ഗം കണ്ടുപ്പിടിക്കുവാന്‍ വൈദ്യ ശാസ്ത്രത്തിന് ഇനിയും സാധ്യമാകാത്തത്.

പാലിക്കാവുന്ന മുന്‍കരുതലുകള്‍:

ചില രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം, പുകവലി, പ്രായം, കുടുംബ ചരിത്രം തുടങ്ങിയ പലതും കാന്‍സറിനുളള കാരണങ്ങളില്‍ ചിലതായി നാം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.

cancer2

ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുവാന്‍ ശരിയായ ഭക്ഷണരീതിയും വ്യായാമവും അനിവാര്യമാണ്. കീടനാശിനി മുക്തമായ പച്ചക്കറികളും ശുദ്ധമായ മറ്റു ഭക്ഷണസാധനങ്ങളും ഉപയോഗിക്കുന്നത് നല്ല ഒരു ആരോഗ്യ ശീലമാണ്. കാന്‍സര്‍ എന്നല്ല ഒരുപരിതി വരെ എല്ലാവിധ രോഗങ്ങളെയും തടയാന്‍ ഇത് സഹായിക്കും.

മുന്‍കരുതലുകള്‍ ഏതു പ്രായം മുതല്‍?

സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സകള്‍ കൃത്യമായി നടത്തിയാല്‍ 95 ശതമാനം വരെ ആളുകള്‍ക്കും പൂര്‍ണമായ രോഗമുക്തി സാധ്യമാണ്. ബ്രെസ്റ്റ് കാന്‍സര്‍ ഇന്ന് കൂടുതലായി കണ്ടുവരുന്നത്‌ 45 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ്. എന്നാല്‍ അതിലും ചെറിയ പ്രായത്തില്‍ തന്നെ രോഗം റിപ്പോര്‍ട്ട്‌ ചെയ്യുന്നവരും കുറവല്ല. ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം സ്വയ പരിശോധനയും മാമോഗ്രഫിയുമാണ്‌. 20 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ മുതല്‍ എല്ലാ മാസവും സെല്‍ഫ് എക്സാമിനേഷന്‍ നടത്തുന്നത് ശീലമാക്കണം.

സെല്‍ഫ് എക്സാമിനേഷന്‍ ചെയേണ്ട വിധം:

5-easy-steps-to-a-comprehesive-self-breast-exam1_0

സ്റ്റെപ്പ് 1: തോളുകള്‍ നേരെ നിവര്‍ത്തി കൈകള്‍ അരയില്‍ വെച്ച് ഒരു കണ്ണാടിക്ക് മുമ്പില്‍ നില്‍ക്കുക. നിങ്ങളുടെ സ്തനങ്ങള്‍ സാധാരണ രീതിയിലാണോ എന്ന് നോക്കുക. എന്തെങ്കിലും തടിപ്പോ, നിറമാറ്റമോ ഉണ്ടോയെന്നും പരിശോധിക്കുക.

സ്റ്റെപ്പ് 2: ഇനി കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി വീണ്ടും കണ്ണാടിയില്‍ നോക്കുക, എന്തെങ്കിലും വ്യത്യാസം ഉണ്ടോയെന്ന് പരിശോധിക്കുക.

സ്റ്റെപ്പ് 3: സ്തനങ്ങളില്‍ നിന്ന് എന്തെങ്കിലും ദ്രാവകം(വെള്ളമോ, മഞ്ഞ നിറത്തിലുള്ള ദ്രാവകമോ അതോ രക്തമോ) വരുന്നുണ്ടോയെന്ന് പരിശോധിക്കുക.

സ്റ്റെപ്പ് 4: കിടന്നു കൊണ്ട് സ്തനങ്ങള്‍ പരിശോധിക്കുക എന്നതാണ് അടുത്ത ഘട്ടം. മൂന്ന് വിരലുകള്‍ നേരെ ചേര്‍ത്ത് പിടിച്ച് കൊണ്ട്  ഇടത് കൈ കൊണ്ട് വലത്തെ സ്തനത്തിലും വലത് കൈ കൊണ്ട് ഇടത്തെ സ്തനത്തിലും വട്ടത്തില്‍ തടവി നോക്കുക. ഇരുസ്തനങ്ങളിലെയും എല്ലാ ഭാഗത്തും ഇങ്ങനെ പരിശോധിച്ചു എന്ന് ഉറപ്പ് വരുത്തുക. ഇങ്ങനെ മസാജ് ചെയുമ്പോള്‍  അസാധാരണമായ തടിപ്പോ മുഴയോ അനുഭവപ്പെട്ടോ എന്ന് പരിശോധിക്കുക.

സ്റ്റെപ്പ് 5: അവസാനമായി സ്റ്റെപ്പ് 4ല്‍ പറഞ്ഞ രീതിയില്‍ എണീറ്റ് നിന്ന് കൊണ്ട് ഇത് ആവര്‍ത്തിക്കുക. ഷവറിന്‍റെ അടിയില്‍ നിന്ന് ഇപ്രകാരം ചെയ്താല്‍ തടിപ്പോ മുഴയോ ഉണ്ടോ എന്ന് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും.

ഈ അഞ്ചു സ്റ്റെപ്പുകളില്‍ ഏതെങ്കിലും ചെയ്തപ്പോള്‍ എന്തെങ്കിലും അസ്വഭാവികത അനുഭവപ്പെട്ടതായി തോന്നിയാല്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കണം.

മാമോഗ്രഫി

ബ്രെസ്റ്റ് കാന്‍സര്‍ കണ്ടുപ്പിടിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ പരിശോധനയാണ് മാമോഗ്രാം. ചെറിയതോതിലുള്ള എക്സ്-റേ ഉപയോഗിച്ചാണ് ഇത് നടത്തപ്പെടുന്നത്. ചില സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ പുറമേ പ്രകടമാവില്ല. മമോഗ്രം വഴി രോഗത്തെ നേരത്തെ കണ്ടെത്താനും ചികിത്സകള്‍ ആരംഭിക്കാനും സാധിക്കും. മമോഗ്രാം ചെയ്യുമ്പോള്‍ ശരീരത്തില്‍ പൌഡറോ, സൗന്ദര്യവര്‍ധകസാധനങ്ങളോ ഉണ്ടായിരിക്കരുത്. ഇത് എക്സ്-റേയില്‍ രേഘപ്പെടുകയും, റിസള്‍ട്ട്‌ പരിശോധിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനിടയില്‍ മാമോഗ്രാം ചെയ്യുന്നത് ഉചിതമായിരിക്കും.

നിങ്ങളുടെ ശരീരത്തെ മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ശരീരത്തില്‍ അസാധാരണയായ വേദനകളോ, മാറ്റങ്ങളോ ഉണ്ടാകുന്നതും അത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാറാതെ  വഷളാകുകയുമാണെങ്കില്‍ ഒട്ടും താമസിക്കാതെ തന്നെ ഡോക്ടറെ കാണുകയും വേണ്ട പരിശോധനങ്ങള്‍ക്ക് വിധേയമാവുകയും വേണം. എന്നാല്‍ അമ്മയ്ക്കോ അടുത്ത ബന്ധുക്കള്‍ക്കൊ കാന്‍സര്‍ വന്നു എന്നുകരുതി അനാവശ്യമായ ആകുലതയുടെ ആവശ്യവുമില്ല. പാരമ്പര്യമായി (hereditary) ഈ രോഗം വരാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെയാണ്.

കാന്‍സര്‍ എന്ന രോഗത്തിന്‍റെ കാരണം അന്വേഷിച്ചുള്ള പഠനങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി നടന്നുവരുകയാണ്. കാന്‍സര്‍ കോശങ്ങളെ മാത്രം ലക്ഷ്യമിടുകയും അതിന്‍റെ വളര്‍ച്ചയും വ്യാപനവും തടയുന്ന മരുന്നുകള്‍ വികസിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ജെനെറ്റിക് എഞ്ചിനിയറിംഗുമായി ബന്ധപ്പെട്ട ഇത്തരം റിസര്‍ച്ചുകളില്‍ നിന്നുള്ള ശുഭ വാര്‍ത്തകള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം.

വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ “Can Cure” എന്ന  സംഘടന കൊച്ചിയിലെ പല ആശുപത്രികളിലും മാമോഗ്രാം ഉള്‍പ്പെടെയുള്ള ആധുനിക പരിശോധനകള്‍ ഇന്ന് തികച്ചും സൗജന്യമായി നല്‍കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:  9895060506

SOURCE: keralaviews.com

Authors
Top