നിങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തില്‍ നിങ്ങളുടെ കുട്ടികളെ രുചികരവും ആരോഗ്യസംപുഷ്ടവുമായ ഭക്ഷണം കഴിപ്പിക്കുവാന്‍ പലപ്പോഴും നിങ്ങള്‍ക്ക് സാധിച്ചെന്ന് വരില്ല. ടൈറ്റ് ഷെട്യൂളുകള്‍ ഉള്ള ഒരു അമ്മയാണ് നിങ്ങളെങ്കില്‍ ഏറെ സമയം ചിലവഴിച്ച് ആരോഗ്യസംപുഷ്ടമായ ഭക്ഷണങ്ങള്‍ പാകം ചെയ്യുവാന്‍ നിങ്ങള്‍ക്കാവില്ല. അതിനാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്നതും അതോടൊപ്പം ആരോഗ്യഗുണങ്ങള്‍ അടങ്ങിയ രുചികരവുമായ ഭക്ഷനങ്ങളെയും അവ തയ്യാറാക്കേണ്ട വിധവും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ കുട്ടികള്‍ക്ക് ഇവ വളരെയധികം ഇഷ്ടവുമാകുമെന്നത് തീര്‍ച്ച.
1. രുചിയൂറും ടാന്‍ഗി വെജ്ജി സാന്‍വിച്ച്:
ചേരുവകള്‍:
- മള്‍ട്ടിഗ്രെയിന്‍ ബ്രെഡ്: 4 എണ്ണം
- മല്ലി- പുതിന ചട്ണി: 1/4 കപ്പ്
- വെണ്ണ
- തക്കാളി, കുക്കുംബര്‍ എന്നിവ വട്ടത്തില്‍ അരിഞ്ഞത്: ഇടത്തരം 1 എണ്ണം വീതം
- പുഴുങ്ങിയ ഉരുളന്‍കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞത്: 2 എണ്ണം വലുത്
- ക്യാരറ്റ് നേരിയതായി നീളത്തില്‍ അരിഞ്ഞത്: 1 എണ്ണം ഇടത്തരം
- കുരുമുളക് ചതച്ചത്: 2 ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
തയ്യാറാക്കേണ്ട വിധം:
- ബ്രെഡ് കഷ്ണങ്ങളില്‍ ബട്ടര്‍ പുരട്ടുക.
- ശേഷം കുറച്ച് ചട്ണി ബ്രെഡ് കഷ്ണത്തിന്‍റെ ഒരു വശത്ത് പുരട്ടുക.
- പച്ചക്കറികളും കുരുമുളക് ചതച്ചതും ആവശ്യത്തിന് ഉപ്പും മിക്സ് ചെയ്ത് ബെഡ്ഡിന് മീതെ വയ്ക്കുക.
- ഇതിനു മീതെ മറ്റൊരു ബ്രെഡ് വച്ച് പൊതിയുക.
- പകുതിയായി മുറിച്ച ശേഷം കുട്ടികള്‍ക്ക് നല്‍കുക.
2. മഷ്രൂം ബര്‍ഗര്‍:
ചേരുവകള്‍:
- വെജിറ്റബിള്‍ എണ്ണ: 2 ടേബിള്‍സ്പൂണ്‍
- സവോള അരിഞ്ഞത്: 1
- വെളുത്തുള്ളി ചതച്ചത്: 1
- കൂണ്‍( Mushroom) അരിഞ്ഞത്: 3/4 കപ്പ്
- ജീരകം: 1/2 ടീസ്പൂണ്‍
- പച്ചമുളക്: 2 എണ്ണം
- ബീന്‍സ്: 2 കപ്പ്
- മല്ലിയില: 1 ടീസ്പൂണ്‍
- കുരുമുളക്, ഉപ്പ്: പാകത്തിന്
- എണ്ണ- 2 ടീസ്പൂണ്‍
തയ്യാറാക്കേണ്ട വിധം:
- വെളുത്തുള്ളിയും സവോളയും എണ്ണയില്‍ 5 മിനിറ്റ് നേരം (സവോള വാടുന്ന വരെ) വേവിക്കുക.
- പച്ചമുളക് അരിഞ്ഞത്, കൂണ്‍, ജീരകം എന്നിവ ഇതിലേയ്ക്ക് ചേര്‍ത്ത് കൂണ്‍ വേകുന്ന വരെ നന്നായി വഴറ്റുക.
- മല്ലിയിലയും ബീന്‍സും ഇതില്‍ ചേര്‍ത്ത് വഴറ്റി പാകത്തിന് ഉപ്പും കുരുമുളകുപൊടിയും കൂടി ചേര്‍ക്കുക.
- തയ്യാറായ മിക്സ് ചെറിയ ഉരുളകളാക്കി കൈകള്‍ കൊണ്ട് ചെറുതായി അമര്‍ത്തി പാറ്റീസ് ആക്കുക. ( കട്ട്ലെറ്റിന്‍റെ മിക്സ് ഉരുട്ടി അമര്‍ത്തുന്ന പോലെ)
- പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് മിക്സ് പാറ്റീസ് പൊരിച്ചെടുക്കുക.
- ഒരു ബണ്‍ എടുത്ത് നടുവേ മുറിച്ച് ഇതിനിടയില്‍ പൊരിച്ച പാറ്റീസ് വയ്ക്കുക. (വേണമെങ്കില്‍ ഇതിനോടൊപ്പം കുട്ടികള്‍ക്കിഷ്ടമുള്ള കുക്കുംബര്‍, തക്കാളി, തുടങ്ങിയ ഏതെങ്കിലും പച്ചകറിയും അരിഞ്ഞു വയ്ക്കാം)
- ബര്‍ഗര്‍ റെഡി.
3. പനീര്‍ സാന്‍വിച്ച്:
ചേരുവകള്‍:
- ബ്രെഡ് കഷ്ണങ്ങള്‍
- പനീര്‍ ചുരണ്ടിയത്: 1 കപ്പ്
- ജീരകം: 1 ടീസ്പൂണ്‍
- ബട്ടര്‍: 2 ടേബിള്‍സ്പൂണ്‍
- നന്നായി അരിഞ്ഞ ഒരു തക്കാളി, 2 മുളക്, ഒരു വലിയ സവോള
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം:
- ഒരു പാന്‍ ചൂടാക്കിയ ശേഷം ഇതില്‍ ബട്ടര്‍ ചേര്‍ക്കുക.
- ബട്ടര്‍ ഉരുകി കഴിയുമ്പോള്‍ ജീരകം ചേര്‍ത്ത ശേഷം സവോളയും പച്ചമുളകും ചേര്‍ക്കുക.
- സവോള വാടി വരുമ്പോള്‍ പനീര്‍, തക്കാളി എന്നിവ ചേര്‍ക്കുക. 5 മിനിറ്റ് നേരം പാകം ചെയ്ത ശേഷം മാറ്റി വയ്ക്കുക.
- ഒരു ബ്രെഡിന്‍റെ കഷണത്തില്‍ ബട്ടര്‍ പുരട്ടുക. ശേഷം പാനിലെ മിശ്രിതം കുറച്ച് ഇതിനു മുകളില്‍ വയ്ക്കുക. വേറൊരു ബ്രെഡ് ഇതിനു മുകളില്‍ വച്ച് പൊതിയുക.
- മൊരിഞ്ഞ് വരുന്ന വരെ ടോസ്റ്റ് ചെയ്യുകയോ ഗ്രില്‍ ചെയ്യുകയോ ചെയ്യുക.
- ടൊമാറ്റോ സോസിന്‍റെ ഒപ്പം ചൂടോടെ വിളമ്പാം.
4. കളര്‍ഫുള്‍ ദോശ:
ചേരുവകള്‍:
- പച്ചരി: 1 കപ്പ്
- ഉഴുന്ന്: 1/2 കപ്പ്
- കടലപ്പരിപ്പ്: 2 ടേബിള്‍സ്പൂണ്‍
- ചീര അരിഞ്ഞത്: 1 കപ്പ്
- വറ്റല്‍ മുളക്: 4
- ഇഞ്ചി: 1 ചെറിയ കഷ്ണം
- കായം: 1/4 ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- ജീരകം: 1 ടേബിള്‍സ്പൂണ്‍
- എണ്ണ
തയ്യാറാക്കേണ്ട വിധം:
- അരി കഴുകി വെള്ളത്തില്‍ 2-3 മണിക്കൂര്‍ വരെ കുതിര്‍ക്കുക.
- കുതിര്‍ത്തിയ അരി, വറ്റല്‍ മുളക്, ചീര, ജീരകം, ഇഞ്ചി, ഉപ്പ്, കായം ആവശ്യത്തിന് വെള്ളം എല്ലാം ചേര്‍ത്ത് നന്നായി മിക്സിയില്‍ അരച്ചെടുക്കുക.
- മാവ് പൊങ്ങി വരേണ്ടതില്ല. അതിനാല്‍ ഉടന്‍ ദോശ ഉണ്ടാക്കാന്‍ തുടങ്ങാം.
- ദോശ മാവ് ദോശച്ചട്ടിയില്‍ ഒഴിച്ച് വട്ടത്തില്‍ നേരിയതായി പരത്തുക.
- ഇതിനു മീതെ അല്‍പ്പം എണ്ണ തൂവുക. ദോശ ക്രിസ്പി ആകുവാന്‍ ഇത് സഹായിക്കും.
- തേങ്ങാ ചമ്മന്തിയോടൊപ്പം വിളമ്പാം.
ഇവ പരീക്ഷിച്ച് നോക്കൂ. നിങ്ങളുടെ കുട്ടികള്‍ക്ക് ഇവ ഉറപ്പായും ഇഷ്ടമാകും.