കുഞ്ഞ് ജനിക്കുമ്പോള്‍ ഒരമ്മയും പിറക്കുകയാണ്. സ്ത്രീത്വത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പൂര്‍ണ്ണതയാണ് അമ്മയാകുക എന്നത്. ഇത് വാക്കുകള്‍ക്കതീതമാണ്. ഇതിനായി ക്ഷമയും,ശ്രദ്ധയും, വിട്ടുവീഴ്ചകളും, സ്നേഹവും വളരെ അത്യാവശ്യമാണ്.
ആ കുഞ്ഞുമുഖം ആദ്യമായി കാണുന്ന നിമിഷം മുതല്‍ (ഒരുപക്ഷെ അതിനും മുന്‍പ്) ഒരു അമ്മയുടെ സന്തോഷം അനുഭവിച്ചുതുടങ്ങും. നിങ്ങളുടെ കുഞ്ഞുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവും പകരും. പുതിയൊരു അതിഥി കൂടി എത്തുന്നതോടെ നിങ്ങള്‍ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ്.
നിങ്ങള്‍ ഒരമ്മയാകുവാന്‍ പോകുന്നു എന്നറിയുമ്പോള്‍ മുതല്‍ നിങ്ങള്‍ മാനസികമായും ശാരീരികമായും പലവിധ മാറ്റങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. പ്രസവശേഷം നിങ്ങളുടെ ശാരീരിക ഭംഗി കുറയുവാനും, വയറില്‍ സ്ട്രെച്ച് മാര്‍ക്ക് ഉണ്ടാകുവാനും, വണ്ണം കൂടുവാനുമെല്ലാമുള്ള സാധ്യതയും അധികമാണ്. എന്നിരുന്നാലും ഭൂരിപക്ഷം സ്ത്രീകളും ഇത്തരം സൗന്ദര്യപരമായ കാര്യങ്ങളെ കാര്യമായി എടുക്കാറില്ല.
ഈ ലേഖനത്തില്‍ മാതൃത്വം നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയെല്ലാമുള്ള സന്തോഷങ്ങള്‍ നല്‍കുന്നു എന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നു:
ജീവിതത്തില്‍ ഒരു ലക്ഷ്യബോധം സൃഷ്ടിക്കും:
അമ്മയായത്തിനു ശേഷം നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനുവേണ്ടി ജീവിക്കുവാന്‍ തുടങ്ങും. ഇങ്ങനെ മാതൃത്വം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു ലക്ഷ്യബോധം ഉണ്ടാക്കുവാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി ജീവിതത്തെ ധൈര്യമായി നേരിടുവാന്‍ നിങ്ങളുടെ കുഞ്ഞിന്‍റെ സാന്നിധ്യം ഏറെ സഹായിക്കും. മാതൃത്വം നല്‍കുന്ന ഏറ്റവും വലിയ സന്തോഷമാണ് ഇത്.
കുടുംബത്തെ പൂര്‍ണ്ണമാക്കുന്നു:
കുട്ടികളുള്ള കുടുംബം സ്വര്‍ഗ്ഗതുല്യമാണെന്നാണല്ലോ. ഒരു കുടുംബത്തെ പൂര്‍ണ്ണമാക്കുന്നത് കുഞ്ഞുങ്ങള്‍ തന്നെയാണ്. കുടുംബം പൂര്‍ണ്ണമാകുമ്പോള്‍ അതിനെ മുന്നോട്ട് നയിക്കുവാനും നല്ല രീതിയില്‍ ജീവിക്കുവാനും നമുക്ക് തോന്നലുണ്ടാകും. അതുമാത്രമല്ല മറ്റ് കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുക്കുവാനും കുഞ്ഞുങ്ങള്‍ സഹായിക്കും.
ഉത്തരവാദിത്ത്വങ്ങളെ ഇഷ്ടപെടുവാന്‍ തുടങ്ങും:
അമ്മയുടെ ഉത്തരവാദിത്ത്വം അത്ര ചെറുതല്ല. എന്നിരുന്നാലും ഒരു സ്ത്രീ ഏറ്റവും ആത്മവിശ്വാസത്തോടെയും, ആത്മാര്‍ത്ഥതയോടെയും, ഉത്തരവാദിത്ത്വത്തോടെയും ചെയ്യുന്ന പ്രവൃത്തി തന്‍റെ കുഞ്ഞിനുവേണ്ടിയുള്ളതാണ്. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്യുമ്പോള്‍ ഒരമ്മ കൂടുതല്‍ ഉന്മേഷവതിയായി ഭവിക്കും.
ദിവസം മുഴുവന്‍ ഉന്മേഷവാതിയായിരിക്കും:
കുട്ടികള്‍ വീട്ടില്‍ ഉണ്ടാകുമ്പോള്‍, എല്ലാ ദിവസവും അവരുടെ എന്തെങ്കിലും വികൃതിത്തരങ്ങളുടെയും കളിചിരികളുടെയും പിറകെ നടക്കുമ്പോള്‍ കിട്ടുന്ന ആനന്ദം മറ്റൊന്നിനും നല്‍കുവാന്‍ സാധിക്കുകയില്ല. ഇതിനാല്‍ നിങ്ങള്‍ കൂടുതല്‍ ഉന്മേഷവതിയാകുകയും ചെയ്യും.
ഓര്‍മ്മകളെല്ലാം മധുരമുള്ളതാക്കും:
നിങ്ങളുടെ കുഞ്ഞുമായി ബന്ധപെട്ട എല്ലാ കാര്യവും മധുരിക്കും ഓര്‍മ്മകളായി എന്നും നിലനില്‍ക്കും. കുഞ്ഞിനെ ആദ്യമായി കയ്യില്‍ വാങ്ങിയത്, ‘അമ്മ’ എന്ന് വിളിച്ചത്, ചിരി, കരച്ചില്‍, ആദ്യമായി നടന്നത്, കളികള്‍ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും നിങ്ങളുടെ ജീവിതത്തെയും ഓര്‍മ്മകളെയും നിറമുള്ളതാക്കും. ഒരമ്മയുടെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് ഇത്.
കുഞ്ഞിന് മാത്രമേ നിങ്ങള്‍ക്ക് നിഷ്കളങ്കവും അതിര്‍വരമ്പുകളില്ലാത്തതുമായ സ്നേഹം നല്‍കുവാനാകൂ. നിങ്ങളുടെ കുട്ടി കുഞ്ഞായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവോളം സ്നേഹം നല്‍കുവാന്‍ അവര്‍ക്ക് ഒരു മടിയും കാണുകയില്ല. കുഞ്ഞിന്‍റെ നിഷ്കളങ്കമായ സ്നേഹം ഇഷ്ടപ്പെടാത്ത ആരാണുള്ളത്? അതിനാല്‍ ശ്രദ്ധയും ആവോളം സ്നേഹവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി തങ്ങളുടെ കുഞ്ഞുമായുള്ള നിമിഷങ്ങള്‍ സ്നേഹനിര്‍ഭരമാക്കൂ.