പ്രമേഹവും വിഷാദരോഗവും

പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെപോകാറുണ്ട്. പ്രമേഹം ഒരാള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ പകുതിയോളം പേരെ വിഷാദരോഗമോ ഉത്ക്കണ്ഠരോഗങ്ങളോ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കൂടുതലായും പിടികൂടുന്നത് സ്ത്രീകളെയാണ്.

നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളായ തളര്‍ച്ച, മെലിച്ചില്‍, ലൈംഗികകാര്യങ്ങളിലുള്ള വിരക്തി തുടങ്ങിയവ ഷുഗര്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങളായും, അമിത ഉത്കണ്ഠയുടെ ബഹിര്‍സ്ഫുരണങ്ങളായ തലകറക്കം, അമിതവിയര്‍പ്പ് എന്നിവ ഷുഗര്‍ കുറയുന്നത്തിന്‍െറ സൂചനകളായും തെറ്റിദ്ധരിക്കപ്പെട്ടുപോകാറുണ്ട്.

സ്ഥായിയായ നൈരാശ്യം, നിരന്തരമായ ദുഃഖചിന്തകള്‍ തുടങ്ങിയ വിഷാദരോഗ ലക്ഷണങ്ങളെ  പ്രമേഹത്തോടുള്ള ‘സ്വാഭാവിക’ പ്രതികരണങ്ങളായി അവഗണിച്ചുതള്ളുന്നതും സാധാരണമാണ്. പലവിധ ശാരീരികവൈഷമ്യങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കുമ്പോഴും ദേഹപരിശോധനകളിലും രക്തപരിശോധനകളിലും കുഴപ്പങ്ങളൊന്നും കണ്ടുപിടിക്കാനാകാതിരിക്കുന്നത് വിഷാദരോഗത്തിന്‍റെ സൂചനയാവാം.
കൗണ്‍സലിങ്, സൈക്കോതെറപ്പി, ഒൗഷധചികിത്സ എന്നിവയുടെ ആവശ്യാനുസരണമുള്ള ഉപയോഗത്തിലൂടെ വിഷാദരോഗം മാറ്റിയെടുക്കുന്നത് രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പ്രമേഹനിയന്ത്രണം കാര്യക്ഷമമാക്കാനും വളരെയധികം സഹായിക്കാറുണ്ട്.

മറ്റു ചില പ്രശ്നങ്ങള്‍

തലച്ചോറിലെ രക്തക്കുഴലുകളെയും നാഡീവ്യൂഹങ്ങളെയും ബാധിക്കുകവഴി പലപ്പോഴും പ്രമേഹം ഏകാഗ്രത, ഓര്‍മ, കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനിച്ച് ചെയ്യാനുള്ള കഴിവ് എന്നിവയെ ദുര്‍ബലപ്പെടുത്താറുണ്ട്.

പ്രമേഹബാധിതരായ പുരുഷന്മാരില്‍ പകുതിയോളം പേര്‍ക്ക് ഉദ്ധാരണശേഷിക്കുറവ് കണ്ടുവരാറുണ്ട്. ഇതിന്‍റെ പ്രധാനകാരണം പ്രമേഹം നാഡികളിലും രക്തക്കുഴലുകളിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണെങ്കിലും അമിത ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ക്കും ഇതിന്‍െറ ആവിര്‍ഭാവത്തില്‍ പങ്കുണ്ടാവാറുണ്ട്.

മാനസികരോഗങ്ങള്‍ക്കുള്ള ചില മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം രോഗികള്‍, പ്രത്യേകിച്ച് പതിറ്റാണ്ടുകളായി ഒരു സൈക്യാട്രിസ്റ്റിനെയും നേരില്‍കാണാതെ മരുന്നുകടകളില്‍നിന്ന് നേരിട്ട് ഗുളികകള്‍ വാങ്ങിക്കഴിച്ച് ജീവിക്കുന്നവര്‍, ഇടക്കിടെ മരുന്നെഴുതിയ ഡോക്ടറെ കാണേണ്ടതും നിര്‍ദേശിക്കപ്പെടുന്ന പരിശോധനകള്‍ക്ക് വിധേയരാവേണ്ടതുമാണ്.

Authors

Related posts

Top