വണ്ണം കുറയ്ക്കുക എന്ന ദൌത്യം പലപ്പോഴും വളരെ ദുഷ്കരമായി തോന്നാം. വളരെയേറെ പ്രയത്നിച്ചാലും അധികവണ്ണം ആഗ്രഹിച്ച രീതിയില്‍ കുറയ്ക്കുവാന്‍ ചിലപ്പോള്‍ സാധിച്ചെന്നു വരില്ല. സ്ത്രീകള്‍ക്ക് പൊതുവേ വയര്‍, ഇടുപ്പ്, തുട, നിതംബം എന്നിവിടങ്ങളിലെ വണ്ണം കുറയ്ക്കുന്നതായിരിക്കും കൂടുതല്‍ ശ്രമകരം. അതിനാല്‍ തന്നെ ഈ ഭാഗങ്ങളിലെ വണ്ണം കുറയ്ക്കുവാന്‍ സഹായിക്കുന്ന ചില വ്യായാമമുറകളെ ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നു.
- വയറിനായുള്ള വ്യായാമം: സ്വാന്‍ ഡൈവ് (Swan Dive)
കഠിനമായ വ്യായാമ മുറകള്‍ക്ക് പകരം അധികം പ്രയാസകരമാല്ലാത്ത ഈ ഉഗ്രന്‍ വ്യായാമം ചെയ്ത് നോക്കൂ. ആദ്യം തറയില്‍ ഒരു മാറ്റ് വിരിച്ച ശേഷം അതില്‍ വയര്‍ അമര്‍ത്തി കിടക്കുക. കൈകള്‍ നിവര്‍ത്തി വെച്ച് കാലുകള്‍ നേരെ പിടിക്കുക. ഇനി നിങ്ങളുടെ കാലുകളും കൈകളും പതുകെ 6 ഇഞ്ചോളം മുകളിലേയ്ക്ക് ഉയര്‍ത്തുക. ഒരു നിമിഷം അതുപോലെ നിന്ന് ശേഷം കൈകള്‍ പിറകിലേയ്ക്കും സൈഡിലേയ്ക്കും വട്ടത്തില്‍ കറക്കുക. ശ്വാസംവിടുക, ഇനി കാലുകളെ താഴേക്ക് മുട്ടിക്കുക. ശേഷം നടുഭാഗം ഉയര്‍ത്തി കൈകള്‍ വിരിച്ച് പിടിക്കുക. ശേഷം കൈകളും കാലുകളും പൂര്‍വാവസ്ഥയിലേയ്ക്ക് കൊണ്ട് വന്ന് വിശ്രമിക്കുക. ഇത് 6-8 പ്രാവശ്യം തുടരുക.
- അരയ്ക്കുള്ള വ്യായാമം: ദ ഹണ്ട്റട് എക്സര്‍സൈസ് (The Hundred Excercise)
മാറ്റില്‍ നേരെ കിടന്നതിനുശേഷം കാലുകള്‍ കുറച്ച് മേലോട്ട് ഉയര്‍ത്തുക. ഇനി തോള്‍ഭാഗം അല്‍പ്പം ഉയര്‍ത്തി കൈകള്‍ കാലുകളുടെ നേരെ ഉയര്‍ത്തി നീട്ടുക. ശേഷം കൈകള്‍ പമ്പ് ചെയ്യുക (വേഗത്തില്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക -സ്പ്രിംഗ് ആക്ഷന്‍ പോലെ). ഇത് 100 പ്രാവശ്യമെങ്കിലും ചെയ്യുക. ആദ്യം ശ്വാസം മൂക്കിലൂടെ എടുത്ത് അഞ്ച് പമ്പുകള്‍ക്ക് ശേഷം വായിലൂടെ ശ്വാസം വിടുക.
- തുടയ്ക്ക് വേണ്ടിയുള്ള വ്യായാമം: സ്റ്റാന്‍റിംഗ് കിക്ക് (Standing Kick)
കാലുകള്‍ വിടര്‍ത്തി നിന്ന് കൈകള്‍ ഇടുപ്പില്‍ വെച്ച് പതുക്കെ വലത്തെ കാല്‍ സൈഡിലേയ്ക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. ശേഷം ഇതിന്‍റെ വേഗത അല്‍പ്പം കൂട്ടുക. ഇത് 3-6 തവണ ചെയ്യുക. ഇടത്തെ കാല്‍ ഈ സമയം ഒട്ടും അനക്കാതിരിക്കുക. ഇനി വലത്തെ കാല്‍ തന്നെ തറയില്‍ നിന്നും മേലോട്ടും കീഴോട്ടും 3 പ്രാവശ്യം ചലിപ്പിക്കുക. ശേഷം ഈ വ്യായാമ രീതി ഇടത്തെ കാല്‍ ഉപയോഗിച്ചും ചെയ്യുക. 15 പ്രാവശ്യം കാലുകള്‍ മാറി-മാറി ഈ വ്യായാമം ചെയ്യുക.
ഈ വ്യായാമം ഇടുപ്പിന്‍റെ വണ്ണം കുറയ്ക്കുവാനും സഹായകരമാകും.
- ഇടുപ്പിനായുള്ള വ്യായാമം: സ്റ്റാര്‍ ജമ്പ് (Star Jump)
ഇത് അധികം കലോറി എരിച്ച് കളയുകയും അതിനാല്‍ വളരെ എനര്‍ജി ആവശ്യമായി വരുന്നതുമായ ഒരു വ്യായാമമാണ്. കാലുകള്‍ കൂട്ടി കൈകള്‍ അരയോട് ചേര്‍ത്തുവെച്ച് നേരെ നിവര്‍ന്ന് നില്‍ക്കുക. ശേഷം കൈകള്‍ സമാന്തരമായി ഉയര്‍ത്തി പിടിക്കുക. ഇനി കൈകളെയും കാലുകളെയും വിരിച്ച് “X” ആകൃതിയില്‍ പെട്ടന്ന് ചാടുക. നിലത്ത് കാലുകള്‍ കുത്തുന്നതിനു മുന്‍പേ കാലുകളെയും കൈകളെയും ചുരുക്കി പൂര്‍വ്വസ്ഥിതിയില്‍ എത്തുക. ഒന്ന് കുനിഞ്ഞ് നിവര്‍ന്ന ശേഷം വീണ്ടും ഇത് ആവര്‍ത്തിക്കുക.
- പിന്‍വശത്തിനായുള്ള വ്യായാമം: വാരിയര്‍ (Warrior)
കാലുകള്‍ അടുപ്പിച്ച് വെച്ച് നിന്ന് വലത്തെക്കാലിന്‍റെ താങ്ങില്‍ ഇടത്തേക്കാല്‍ നന്നായി പിന്നിലേയ്ക്ക് ഉയര്‍ത്തുക. അരയ്ക്ക് മുകളിലോട്ടുള്ള ശരീര ഭാഗം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കാലിന് സമാന്തരമായി നില്‍ക്കുക. 5 പ്രാവശ്യം ശ്വാസ നിശ്വാസം നടത്തിയ ശേഷം ഈ പൊസിഷനില്‍ നിന്ന് പൂര്‍വ്വസ്ഥിതിലേയ്ക്ക് എത്തുക. ഇത് കാലുകള്‍ മാറി- മാറി ചെയ്യുക.