ഭക്ഷണശൈലിയും ഉറക്കവും തമ്മിലെന്ത് ബന്ധം..?
ഒരു മനുഷ്യന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ ഉറക്കവും ഭക്ഷണശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് ഉറക്ക് കുറവ് കാരണക്കാരനാകാം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
ഉറക്കക്കുറവുള്ളവരിൽ വിശപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്‍റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ കൊടുക്കുന്ന ഹോർമോൺ.
ആറ് മണിക്കൂറിൽ കുറവാണ് ഉറങ്ങുന്നതെങ്കിൽ ലെപ്റ്റിന്‍റെ അളവ് കുറയുകയും ഗ്രെലിന്‍റെ അളവ് കൂട്ടുകയും ചെയ്യും. ഇത് വിശപ്പ് കൂട്ടും. ഇതാണ് അമിതഭാരത്തിലേക്ക് നമ്മെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ആറ് മുതൽ എട്ട് മണിക്കൂർ നേരം വരെ ഉറങ്ങണം.
ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്.രാത്രിയിൽ ശരിയായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ അവസരം കിട്ടുകയാണെങ്കിൽ രാവിലെ അര, മുക്കാൽ മണിക്കൂർ ഉറങ്ങുവാൻ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും.
ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. നല്ല ദഹനം ഉറക്കം സുഖമാകാൻ അത്യാവശ്യമാണ്. ഒന്നും കഴിക്കാതെയുമിരിക്കരുത്.
നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാൻ കിടക്കുമ്പോൾ മുറിയിൽ ലൈറ്റിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേൾക്കുന്നതോ ഉറക്കം വരാൻ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
ഉറങ്ങുന്നതിന് മുൻപ് കാപ്പി കുടിയ്ക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാൽ കുടിയ്ക്കുന്നത് വേഗം ഉറക്കം വരാൻ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുൻപ് അധികം വെള്ളം കുടിയ്ക്കരുത്. മൂത്രശങ്കയും ഉറക്കത്തെ തടസപ്പെടുത്തും.
Tags