വേനല്‍ മാറി മഴ തുടങ്ങുമ്പോഴോ, അല്ലെങ്കില്‍ മഞ്ഞുകാലത്തിലേക്ക് കടക്കുമ്പോഴോ ഒക്കെ ജലദോഷം പിടിപെടുന്നത് സാധാരണമാണ്. കാലാവസ്ഥാ വ്യതിയാനം അണുബാധയുണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ്. എന്നാല്‍ ഇടയ്ക്കിടെ ജലദോഷം പിടിപെടുന്ന ആളുകളുണ്ട്.
ഇവയാകാം അതിന്‍റെ കാരണങ്ങള്‍…
(1) കൈകള്‍ വൃത്തിയാക്കുന്നതിലെ അപാകതയാണ് ഇതിന്‍റെ ഒരു കാരണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും , ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും, പുറത്തുപോയി വീട്ടില്‍ വന്നതിന് ശേഷവും, രോഗികളെ പരിചരിച്ചതിന് ശേഷവുമെല്ലാം കൈ നന്നായി കഴുകേണ്ടതുണ്ട്.
കൈകളിലൂടെയാണ് അണുക്കള്‍ പെട്ടെന്ന് ശരീരത്തിലെത്തുന്നത്. അതിനാല്‍ തന്നെ കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയെന്നത് നിര്‍ബന്ധമാണ്. നമ്മളുപയോഗിക്കുന്ന മേശ, കസേര, കംപ്യൂട്ടര്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അണുക്കള്‍ കൈകളിലെത്താന്‍ സാധ്യതയുണ്ട്.
(2) ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതാണ് പെട്ടെന്ന് ജലദോഷം പിടിപെടാനുള്ള മറ്റൊരു കാരണം. ദുര്‍ബലമായ പ്രതിരോധശക്തിയുള്ളവരിലും പെട്ടെന്ന് അണുബാധയുണ്ടായോക്കാം.
(3) നിര്‍ജലീകരണവും ഇടയ്ക്കിടെ ജലദോഷം പിടിപെടാനുള്ള കാരണമാകുന്നു. ശരീരത്തിലെ ജലാംശം കുറേശ്ശെയായി ഇല്ലാതാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. എപ്പോഴും വെള്ളം കുടിക്കുകയോ ജലാംശമടങ്ങിയ ഭക്ഷണം നന്നായി കഴിക്കുകയോ ചെയ്യുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗം.
(4) എപ്പോഴും മുഖത്ത് തൊടുന്ന ശീലമുണ്ടോ? വിരലുകള്‍ കൊണ്ട് മുഖത്ത് എപ്പോഴും പരതുന്നവരിലും ജലദോഷം പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ കൈകളിലൂടെയാണ് ഏറ്റവുമധികം അണുബാധയുണ്ടാകുന്നത്. അതില്‍ തന്നെ വിരലുകളുടെ അറ്റങ്ങളിലും നഖങ്ങള്‍ക്കിടയിലുമെല്ലാമാണ് അണുക്കള്‍ ഏറെയുമുണ്ടാകുന്നത്. എപ്പോഴും മുഖത്ത് തൊടുന്നതിലൂടെ അണുബാധ എളുപ്പത്തിലുണ്ടാകുന്നു.
(5) ഇതിനെല്ലാം പുറമെ വിവിധ തരം അലര്‍ജികളുടെ ഭാഗമായും ഇടയ്ക്കിടെ ജലദോഷമുണ്ടാകാം. പൊടി, തണുപ്പ്, എ.സി- ഇങ്ങനെയെല്ലാമാകാം അലര്‍ജി. ഏഴ് ദിവസത്തില്‍ കൂടുതല്‍ ജലദോഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.